കാനഡയിൽ വാടക വർദ്ധന രൂക്ഷമെന്ന് പുതിയ സർവ്വെ. കാനഡയിലെ വാടകക്കാർക്കിടയിൽ നടത്തിയ ഏറ്റവും പുതിയ 'വിൻ്റർ 2025 റെൻ്റർ ഫീഡ്‌ബാക്ക് സർവേ' പ്രകാരം രാജ്യത്തെ ഭവന പ്രതിസന്ധി അതീവ ഗുരുതരമായി തുടരുകയാണ്. തങ്ങളുടെ ആകെ വരുമാനത്തിൻ്റെ 50 ശതമാനത്തിലധികം വാടകയ്ക്ക് മാത്രം മാറ്റിവെക്കുന്നുവെന്നാണ് സർവേയിൽ പങ്കെടുത്ത കനേഡിയൻ വാടകക്കാരിൽ പകുതിയോളം പേർ അഭിപ്രായപ്പെട്ടത്. ഓൺലൈൻ മാർക്കറ്റ് പ്ലേസായ Rentals.ca ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഇതിൽ 12 ശതമാനം പേർ വരുമാനത്തിൻ്റെ 70 ശതമാനത്തിലധികം വാടകയ്ക്കായി ചിലവഴിക്കുന്നുണ്ട്.
വലിയ നഗരങ്ങളിൽ മാത്രമല്ല, ചെറുകിട വിപണികളിലും വാടക കുത്തനെ കൂടുന്നത് സാധാരണക്കാരുടെ ജീവിതച്ചെലവ് വർദ്ധിപ്പിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ സമ്മറിന് ശേഷം 63 ശതമാനം വാടകക്കാർക്കും വാടക വർദ്ധനവ് അനുഭവപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് 18 മുതൽ 34 വയസ്സുവരെയുള്ള യുവാക്കളാണ് ഈ സാമ്പത്തിക ആഘാതം ഏറ്റവും കൂടുതൽ നേരിടുന്നത്. ടൊറൻ്റോ, വാൻകൂവർ തുടങ്ങിയ നഗരങ്ങളിൽ താമസിക്കാൻ ആഗ്രഹിക്കുന്നവരുടെ ബജറ്റും നിലവിലെ വാടക നിരക്കും തമ്മിൽ വലിയ അന്തരമുണ്ടെന്നും സർവേ വെളിപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ, താങ്ങാനാവുന്ന നിരക്കിലുള്ള വീടുകളുടെ ലഭ്യതക്കുറവ് കാനഡയിലുടനീളം ഒരു വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്.